02Nov

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട്: പതിച്ചുനൽകാനുള്ള നടപടികൾ പൂർത്തിയാക്കണം – KLCA മുഖ്യമന്ത്രിക്ക് നിവേദനം നൽകി

​കൊച്ചി: ​സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കോളേജിന് പതിച്ചുനൽകുന്ന നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) സംസ്ഥാന കമ്മിറ്റി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
​ഒരു നൂറ്റാണ്ടിലധികമായി ജാതി-മത-വർണ്ണ-ദേശ-ഭാഷ ഭേദമന്യേ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമാണ് സെന്റ്. ആൽബർട്ട്സ് കോളെജ് എന്ന് നിവേദനത്തിൽ KLCA ചൂണ്ടിക്കാട്ടി. നിലവിൽ തർക്കം നിലനിൽക്കുന്ന ഈ ഗ്രൗണ്ട് നിയമപരമായി കോളേജിന്റെ കൈവശാവകാശത്തിൽ തുടരുകയാണ്.

​1946-ൽ കൊച്ചി മഹാരാജാവ് മദ്രാസ് യൂണിവേഴ്‌സിറ്റി അഫിലിയേഷനായി നൽകിയ തൂശൻ പറമ്പായിരുന്നു ആദ്യത്തെ ഗ്രൗണ്ട്.
​1970-കളിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി CMFRI സ്ഥാപിക്കുന്നതിന് കോളെജ് ആ ഗ്രൗണ്ട് പൂർണ്ണമായും വിട്ടുകൊടുത്തു.
​12 വർഷത്തെ സമരത്തിനും കാത്തിരിപ്പിനും ശേഷം പകരം ലഭിച്ച 4.6 ഏക്കർ ചതുപ്പുനിലമാണ് (കലൂർ) കോളെജ് അധികൃതർ കഠിന പ്രയത്നത്തിലൂടെ കളിക്കളമാക്കി മാറ്റിയത്.
​ഈ ഗ്രൗണ്ട് പിന്നീട് കൊച്ചിയുടെ കായിക കേന്ദ്രമായി മാറുകയും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു.

​2005-ൽ കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം മറ്റ് എയിഡഡ് കോളേജുകൾക്ക് ഭൂമി പതിച്ചുനൽകിയപ്പോഴും, സെന്റ്. ആൽബർട്ട്സ് കോളേജിന് ഗ്രൗണ്ട്  നൽകിയില്ല എന്ന് KLCA ആരോപിക്കുന്നു.

​2013-ൽ കൊച്ചി മെട്രോയുടെ നിർമ്മാണത്തിനായി ഗ്രൗണ്ടിൽ നിന്ന് 88 സെന്റ് സ്ഥലം വീണ്ടും വിട്ടുകൊടുത്തപ്പോൾ, പകരം തുല്യമായ സ്ഥലം നൽകാമെന്നും 2005-ലെ നിയമപ്രകാരം ഗ്രൗണ്ട് പതിച്ചുനൽകാമെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു.
​ഇതിനെത്തുടർന്ന് 18.02.2016-ന് കോളേജിന് ഗ്രൗണ്ട് പതിച്ചുനൽകി സർക്കാർ ഉത്തരവായെങ്കിലും, പിന്നീട് വന്ന സർക്കാർ ഈ ഉത്തരവ് ഉൾപ്പെടെയുള്ളവ മെത്രാൻ കായൽ വിവാദവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്കായി മരവിപ്പിച്ചു.
​28.07.2021-ലെ മന്ത്രിസഭാ യോഗം ഇക്കാര്യം റവന്യൂ, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരെ നിർദ്ദേശങ്ങൾ നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

​നിയമപരമായി കോളേജിന്റെ കൈവശാവകാശത്തിൽ തുടരുമ്പോഴും, ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഒരു ഫുട്ബോൾ കളിയുടെ പേര് പറഞ്ഞ് യാതൊരു നോട്ടീസും നൽകാതെ ജിസിഡിഎയുടെ നേതൃത്വത്തിൽ മതിലുകെട്ടി ടാർ ചെയ്യുക ഉൾപ്പെടെയുള്ള കയ്യേറ്റ ശ്രമങ്ങൾ നടക്കുകയാണെന്ന് നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട്, 2016-ൽ നൽകിയ ഉത്തരവ് സ്ഥിരീകരിക്കുകയും, നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി ഗ്രൗണ്ട് കോളേജിന് പതിച്ചുനൽകുകയും ചെയ്യണമെന്ന് KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.