30Mar

FCRA നിയമ ഭേദഗതി (2026) ബില്ലും ആശങ്കകളും

_അഡ്വ. ഷെറി ജെ തോമസ്_

2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (Foreign Contribution (Regulation) Amendment Bill, 2026) ഇന്ന് രാജ്യ വ്യാപകമായി പ്രത്യേകിച്ച് കേരളത്തിൽ പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുന്നു. ബില്ലിനെതിരെ ഉയരുന്ന ആശങ്കകൾ ആസ്തികൾ കൈകാര്യം ചെയ്യുന്ന സഭാ സംവിധാനങ്ങൾക്ക് മാത്രമല്ല, ഗുണഭോക്താക്കൾ ആവുന്നർക്കും കാലങ്ങളായി ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ സഭകൾ ചെയ്യുന്ന സേവനത്തിന്റെ ഗുണഫലങ്ങൾ ജാതിമതഭേദമന്യേ അനുഭവിക്കുന്നവർക്കും നിരവധി ചോദ്യങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ്. _(പുതിയ നിയമഭേദഗതി ബിൽ സംബന്ധിച്ച് പൊതുവിൽ ആശങ്കകൾ ഉണ്ടാക്കാവുന്ന ഏതാനും ഭാഗങ്ങൾ പഠനവിധേയമാക്കുന്നതിന് സൂചിപ്പിക്കുന്നു.)_

2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം (FCRA) വിദേശത്തുനിന്നുള്ള ഫണ്ടുകൾ രാജ്യത്തിന്റെ താൽപ്പര്യങ്ങളെയും സുരക്ഷയെയും ബാധിക്കാതെ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി ഉണ്ടാക്കിയതാണ്. (1976 ലെ നിയമം റദ്ദാക്കിയാണ് ഈ നിയമം കൊണ്ടുവന്നത്) സംഭാവനകളിലൂടെ ആർജിച്ച ആസ്തികൾ ബന്ധപ്പെട്ട സ്ഥാപനത്തിൻറെ
രജിസ്‌ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, വിദേശ സംഭാവനയിലൂടെ ഉണ്ടാക്കിയ ആസ്തികൾ (Assets) കൈകാര്യം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും നിലവിൽ വ്യക്തമായ നിയമപരമായ ചട്ടക്കൂടുകൾ ഇല്ല എന്നും ഇത് ദുരുപയോഗത്തിന് കാരണമായേക്കാം എന്നും ചൂണ്ടിക്കാണിച്ചാണ് നിർദിഷ്ട മാറ്റങ്ങൾ ഭേദഗതി ബില്ലിൽ കൊണ്ടുവന്നിരിക്കുന്നത്.

ആസ്തികളുടെ മേൽനോട്ടത്തിനും കൈകാര്യം ചെയ്യുന്നതിനും ഒരു പ്രത്യേക അതോറിറ്റിയെ (Designated authority) നിയോഗിക്കുക; മുൻകൂർ അനുമതിയോടെ ലഭിക്കുന്ന ഫണ്ടുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുക; രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അവസാനിക്കുന്നതിനോ (Cessation) സസ്പെൻഷൻ സമയത്തോ ഉള്ള ആസ്തികളുടെ വിനിയോഗം നിയന്ത്രിക്കുക; ശിക്ഷാ നടപടികൾ (Penalties) കൂടുതൽ യുക്തിസഹമാക്കുക. അന്വേഷണങ്ങൾ ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുക എന്നിവയൊക്കെയാണ് ഭേദഗതി ബില്ലിലെ സുപ്രധാന വ്യവസ്ഥകൾ.

വകുപ്പ് 12: ഫണ്ട് സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സമയപരിധി നിശ്ചയിക്കുന്നു.

വകുപ്പ് 13: സസ്പെൻഷൻ കാലയളവിലെ ആസ്തി വിനിയോഗം നിയന്ത്രിക്കുന്നു.

വകുപ്പ് 14B: സർട്ടിഫിക്കറ്റ് കാലാവധി കഴിയുമ്പോഴോ പുതുക്കാതിരിക്കുമ്പോഴോ ഉള്ള നടപടികൾ.

വകുപ്പ് 15-ൽ മാറ്റം: ആസ്തികൾ കൈകാര്യം ചെയ്യാൻ പുതിയൊരു അധ്യായം (Chapter IIIA) കൂട്ടിച്ചേർക്കുന്നു.

ആശങ്കകൾ പുതുമയുള്ളതല്ല

2020 ൽ ഈ നിയമത്തിൽ വരുത്തിയ ഭേദഗതിയിലൂടെ എസ്ബിഐയുടെ ന്യൂഡൽഹിയിലെ മെയിൻ ബ്രാഞ്ചിലൂടെ മാത്രമേ വിദേശത്തുനിന്നുള്ള പണമിടപാടുകൾ പാടുള്ളൂ എന്ന നിബന്ധന കൊണ്ടുവന്നു. രാജ്യത്ത് എവിടെയും ഇഷ്ടമുള്ള ബാങ്കുകളിൽ ഇടപാട് നടത്താം എന്ന സ്വാതന്ത്ര്യത്തിന് തടയിട്ട ഈ നിയമഭേദഗതിയെ അന്ന് ക്രൈസ്തവ സഭകൾ ഉൾപ്പെടെ എതിർത്തെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പിന്നീട് ആകട്ടെ ഈ നിയമം കൊണ്ടുവന്ന രാജ്യത്തെ ഭരണമുന്നണി പല ഘട്ടങ്ങളിലും ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുമായി കേരളത്തിൽ വോട്ടുബാങ്ക് ലക്ഷ്യം മുന്നിൽക്കണ്ട് അടുക്കാൻ ശ്രമിച്ച സമയം ഇക്കാര്യം കർശനമായി ക്രൈസ്തവ സഭകളുടെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ടുമില്ല. ഇപ്പോഴത്തെ 2026 ഭേദഗതി ബില്ല് പഴയതിനേക്കാൾ പതിന്മടങ്ങ് ഗൗരവമുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നവയാണ്.

പുതിയ ആശങ്കകൾ

​വകുപ്പ് 16A(1): വിദേശ സംഭാവനകളുടെയും ആസ്തികളുടെയും താൽക്കാലിക കൈമാറ്റം – (Provisional Vesting)
​രജിസ്ട്രേഷൻ റദ്ദാക്കുകയോ, ഉപേക്ഷിക്കുകയോ, അല്ലെങ്കിൽ അവസാനിക്കുകയോ ചെയ്താൽ വിദേശ സംഭാവനകളും ആസ്തികളും സ്വയമേവ അതോറിറ്റിയുടെ നിയന്ത്രണത്തിലാകാൻ ഈ വ്യവസ്ഥ കാരണമാകുന്നു.
• ​അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ ആസ്തികൾ ഏറ്റെടുക്കുന്നത് നിയമലംഘനം തെളിയിക്കപ്പെടാത്ത സാഹചര്യങ്ങളിൽ പോലും ആസ്തികളിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കും.
• ​ആസ്തികളും അടിസ്ഥാന സൗകര്യങ്ങളും കൈമാറുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പെട്ടെന്ന് സ്തംഭിക്കാൻ ഇത് കാരണമാകും.
• ​ഗുരുതരമായ നിയമലംഘനങ്ങളും ചെറിയ സാങ്കേതിക പിഴവുകളും ഏതാണ് വിഷയമെങ്കിലും നടപടികൾ ഒന്നുതന്നെയാകും.

​വകുപ്പ് 16A(2): സമ്മിശ്ര സ്രോതസ്സുകളുള്ള ആസ്തികൾ ഏറ്റെടുക്കൽ –
​വിദേശ സംഭാവനകൾ ഉപയോഗിച്ച് ഭാഗികമായോ പൂർണ്ണമായോ നിർമ്മിച്ച ആസ്തികൾ അതോറിറ്റിക്ക് ഏറ്റെടുക്കാം.
• ​ആസ്തിയുടെ വലിയൊരു ഭാഗം ആഭ്യന്തര സംഭാവനകൾ (Domestic contributions) വഴിയാണ് നിർമ്മിച്ചതെങ്കിലും മുഴുവൻ ആസ്തിയും ഏറ്റെടുക്കപ്പെടുന്നത് ഇന്ത്യൻ ദാതാക്കളെ ദോഷകരമായി ബാധിക്കും.
• ​ആഭ്യന്തരമായി സമാഹരിച്ച തുക വേർതിരിച്ചെടുക്കാനോ തിരികെ നൽകാനോ വ്യക്തമായ അല്ലെങ്കിൽ സമയബന്ധിതമായ സംവിധാനമില്ല.

​വകുപ്പ് 16A(3): ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ അധികാരങ്ങൾ-
​ആസ്തികൾ കൈവശം വെക്കാനും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും വിദേശ സംഭാവനകൾ ഉപയോഗിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
• ​ഇത് സ്വതന്ത്ര ജീവകാരുണ്യ സ്ഥാപനങ്ങളുടെ ഭരണത്തിലും സ്വയംഭരണാധികാരത്തിലും നേരിട്ടുള്ള ഭരണപരമായ ഇടപെടലുകൾക്ക് ഇടയാക്കും.
• ​വ്യക്തമായ മാനദണ്ഡങ്ങളുടെ അഭാവം അധികാര ദുർവിനിയോഗത്തിന് കാരണമായേക്കാം.

വകുപ്പ് 16A(5): രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാത്ത പക്ഷം സ്ഥിരമായി ഏറ്റെടുക്കൽ –
​നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ആസ്തികൾ സ്ഥിരമായി അതോറിറ്റിയുടെ കീഴിലാകും.
• ​ചെറിയ ഭരണപരമായ കാലതാമസങ്ങൾ കാരണം പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത ആസ്തികൾ എന്നെന്നേക്കുമായി നഷ്ടപ്പെടാൻ ഇത് കാരണമാകും.

വകുപ്പ് 16A(6): ഏറ്റെടുത്ത ആസ്തികളുടെ വിനിയോഗവും കൈമാറ്റവും –
​ഏറ്റെടുത്ത ആസ്തികൾ സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറാനോ വിൽക്കാനോ അതോറിറ്റിക്ക് അനുവാദമുണ്ട്.
• ​ഇത് ജീവകാരുണ്യ ആസ്തികൾ അവയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും എന്നെന്നേക്കുമായി മാറ്റപ്പെടാൻ കാരണമാകും.
• ​സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ ദീർഘകാല അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് ഇത് സംഘടനകളെ നിരുത്സാഹപ്പെടുത്തും.
• ​ആസ്തികൾ സമാഹരിച്ച യഥാർത്ഥ സംഘടനകൾക്ക് അവ തിരികെ വാങ്ങുന്നതിനോ ലേലത്തിൽ പങ്കെടുക്കുന്നതിനോ വിലക്കുണ്ടാകാം.

​വകുപ്പ് 16A(7): ആരാധനാലയങ്ങൾക്കുള്ള പരിമിതമായ സംരക്ഷണം –
​പൊതു ആരാധനാലയങ്ങൾക്ക് ഈ നിയമത്തിൽ ചില നിബന്ധനകളോടെ സംരക്ഷണം നൽകുന്നു.
• ​എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ മറ്റ് സേവന മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
• ​ആരാധനാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ആശുപത്രികൾക്കും ഈ സംരക്ഷണം ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.

​വകുപ്പ് 16B: മുൻകാല പ്രാബല്യം – (Retrospective Application)
​ഈ പുതിയ നിയമങ്ങൾ പഴയ കേസുകൾക്കും ബാധകമാകും. ഇത് നിയമപരമായ അനിശ്ചിതത്വം സൃഷ്ടിക്കും.

​വകുപ്പ് 16C: പ്രവർത്തനം നിലച്ച (Defunct) സംഘടനകളുടെ ആസ്തികൾ –
​ഒരു സംഘടന ‘പ്രവർത്തനരഹിതം’ എന്ന് കരുതപ്പെട്ടാൽ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാം.
• ​’Defunct’ എന്ന വാക്കിന് കൃത്യമായ നിർവചനം ഇല്ലാത്തത് താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച സംഘടനകളെപ്പോലും ദോഷകരമായി ബാധിക്കാം.

​വകുപ്പ് 16E & 16F:
അതോറിറ്റി പാലിക്കേണ്ട ചുമതലകൾ – രേഖകളും രജിസ്റ്ററുകളും ആസ്തികളും കൃത്യമായി പരിപാലിക്കുക, നിശ്ചിത ഇടവേളകളിൽ അതൊക്കെ കേന്ദ്രസർക്കാരിനെ അറിയിക്കുക മുതലായ ഒക്കെ അതോറിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും.

• ​ദുരിതാശ്വാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അടിയന്തര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവർത്തനങ്ങളെ ഇത് ബാധിക്കുമെന്നും ആശങ്കകൾ ഉണ്ട്.

വകുപ്പ് 16 G – 16 K അപ്പീൽ- അതോറിറ്റിക്ക് സിവിൽ കോടതിയുടെ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിന് അധികാരമുണ്ട്. ഒരിക്കൽ ഇറക്കിയ ഉത്തരവ് പുന പരിശോധിക്കുന്നതിന് അതോറിറ്റിക്ക് കഴിയും. ഉത്തരവ് ദോഷകരമായി ബാധിച്ച വ്യക്തിക്ക് 90 ദിവസത്തിനകം പ്രാദേശിക ജില്ല ജഡ്ജിക്ക് മുമ്പാകെ അപ്പിൽ നൽകാം.

വകുപ്പ് 39 (l) കുറ്റത്തിന്റെ ഉത്തരവാദിത്വം – വ്യക്തികൾ അല്ലാതെ സ്ഥാപനങ്ങൾ ഉത്തരവാദികളായി വരുമ്പോൾ ആ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാർ കുറ്റകൃത്യത്തിന് ഉത്തരവാദികളായി മാറും. അതേസമയം തങ്ങളുടെ അറിവില്ലാതെ ആണെന്നോ, മതിയായ ശ്രദ്ധ ചെലുത്തി എന്നോ സ്ഥാപിക്കാൻ ആയാൽ കുറ്റകരമായ ബാധ്യതയിൽ നിന്ന് ഒഴിവാകാം.

ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമനിർമാണങ്ങളും നിയമഭേദഗതികളും ഉണ്ടാകുമ്പോൾ ഏതു വിഭാഗത്തെയാണോ അത് കൂടുതലായി ബാധിക്കുന്നത് അവരെ കേൾക്കുക എന്നത് സാമാന്യ നീതിയുടെ ഭാഗമാണ്. കേരളത്തിലെ ഉൾപ്പെടെ ക്രൈസ്തവ സഭകളും ഇത് ബാധിക്കുന്ന ഇതര വിഭാഗങ്ങളും ഉയർത്തുന്ന ആശങ്കകൾ അവധാനതയോടെ കേൾക്കാൻ ഭരണകൂടം തയ്യാറാകണം. ആശങ്കകൾ പരിഹരിക്കപ്പെടണം.

28Dec

ഇരുവശങ്ങളിലും സമുദായ നേതാക്കളുമായി തുറന്ന ജീപ്പിൽ ഒരു ബിഷപ്പ്

സമുദായ നേതൃത്വത്തിന് ഇത് ചരിത്ര നിമിഷം സുൽത്താൻപേട്ട് രൂപത സംഘടിപ്പിച്ച  ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച റാലിയിൽ ബിഷപ്പ് അന്തോണി സാമിയുടെ…
24Dec

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- KLCA ഒരുക്കുന്ന ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.