01Dec

​കേരളത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ഡിസംബർ 7 ന് കെആർഎൽസിസിയുടെ നിർദ്ദേശപ്രകാരം ആചരിക്കുകയാണ് എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.
​തിരുസഭയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും ഇന്ത്യയുടെ ദ്വിതീയ അപ്പോസ്തലനുമായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ ദിനമായ ഡിസംബർ 3 ന് ശേഷം വരുന്ന ഞായറാഴ്ചയാണ് ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കാറുള്ളത്.
​ആഗോള കത്തോലിക്കാ സഭ കൂടുതൽ പ്രേക്ഷിത ചൈതന്യത്തോടെ മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഈ ഡിസംബർ 7 ഞായറാഴ്ച ഈ വർഷത്തെ ലത്തീൻ കത്തോലിക്കാ ദിനം കേരള ലത്തീൻ സഭ ആചരിക്കുന്നത്. ‘പ്രത്യാശയുടെ തീർത്ഥാടകർ’ എന്ന ആപ്തവാക്യത്തോടെ 2025 ആഗോള കത്തോലിക്കാ സഭ ജൂബിലി വർഷമായി കൊണ്ടാടുന്ന പശ്ചാത്തലത്തിലും, കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ വർഷങ്ങളായി ഉയർത്തിക്കൊണ്ടുവരുന്ന അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലും ഈ വരുന്ന ലത്തീൻ കത്തോലിക്കാ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ കെഎൽസിഎ നേതാക്കളും മുൻകൈയെടുക്കേണ്ടതുണ്ട്.
​കെആർഎൽസിസിയുടെ നിർദ്ദേശാനുസരണം ഇടയലേഖനപ്രകാരവും സർക്കുലർ പ്രകാരവും ഈ ലത്തീൻ കത്തോലിക്കാ ദിനാചരണം വൻ വിജയമാക്കി മാറ്റാൻ എല്ലാ ഇടവകകളിലും സജീവ സാന്നിധ്യമായി കെഎൽസിഎ നേതാക്കൾ പ്രവർത്തിക്കണം.
​ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ, വിശിഷ്യാ ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ എന്നിവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെ സംബന്ധിച്ച് പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കാനായി നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന 284 ശുപാർശകൾ സംബന്ധിച്ച് അവ നടപ്പിലാക്കുന്നതിനായി ഇനിയും നാം സമ്മർദ്ദശക്തിയായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജനവിഭാഗം വർഷങ്ങളായി ഉന്നയിക്കുന്ന വിഷയങ്ങൾ പലതും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശുപാർശകളിൽ പ്രായോഗികമായ പരിഹാര നടപടികളായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
​അതോടൊപ്പം തന്നെ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയങ്ങളും, തീരദേശത്തെ നിരവധി പ്രശ്നങ്ങളും, മലയോര മേഖലയിലെ പ്രശ്നങ്ങളും, തീരദേശ ഹൈവേ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ആശങ്കയിൽ കഴിയുന്ന ജനസമൂഹത്തിന് താങ്ങായി, ഒരൊറ്റ ശബ്ദമായി, ഒരൊറ്റ ശക്തിയായി അവരെ ചേർത്ത് നിർത്താൻ സംഘാത മുന്നേറ്റത്തിന് നേതൃത്വം കൊടുക്കേണ്ടവരാണ് കെഎൽസിഎ പ്രവർത്തകരും നേതാക്കളും.
​അതുകൊണ്ടുതന്നെ ഈ വരുന്ന ഡിസംബർ 7 ന് എല്ലാ ഇടവകകളിലും ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്നതിന് കെഎൽസിഎ പ്രവർത്തകർ മുന്നിട്ടിറങ്ങണം. മുൻകൈയെടുത്ത് എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് കെആർഎൽസിസി പതാക ഉയർത്തുകയും, കേരള ലത്തീൻ സഭയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, നാം ഉന്നയിക്കുന്ന വിഷയങ്ങളിൽ സാധിക്കുന്ന ഇടങ്ങളിലെല്ലാം ചർച്ചകൾ ഉണ്ടാവുകയും ചെയ്യണം.
​വിശദമായ വിവരങ്ങൾ കഴിഞ്ഞ ഞായറാഴ്ച ഇടയലേഖനം മുഖേന ദേവാലയങ്ങളിൽ വായിച്ചിട്ടുള്ളതാണ്. അതനുസരിച്ച് പ്രവർത്തിക്കാൻ എല്ലാ കെഎൽസിഎ നേതാക്കളെയും പ്രവർത്തകരെയും ആഹ്വാനം ചെയ്യുന്നു

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന്…

സമുദായ സർട്ടിഫിക്കറ്റ് – ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.