മയക്കുമരുന്നി നെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോൾ നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ – മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് ലഹരിക്കെതിരെ ജന മനസ്സാക്ഷിയെ ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാനമെമ്പാടുമുള്ള കെ എൽ സി എ യുടെ വിവിധ ഘടകങ്ങൾ ഇതിനോടകം മുന്നിട്ടിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ മാതൃകാപരമായ ഒരു പരിപാടിയാണ് കഴിഞ്ഞദിവസം കൂനമ്മാവ് മേഖലാ (ഫെറോന) സംഘടിപ്പിച്ചത്. ഏതാണ്ട് ഒന്നരമണിക്കൂർ നീണ്ടുനിൽക്കുന്ന തരത്തിൽ ചെറിയൊരു കാൽനട പ്രചാരണ ജാഥയും, പൊതുസമ്മേളനവും, വ്യക്തിഗത സംഗീത പരിപാടികളും, ലഹരിക്കെതിരെയുള്ള സ്കിറ്റും എല്ലാം അടങ്ങിയ, ജനശ്രദ്ധ ആകർഷിച്ച ഒരു മുന്നേറ്റം.
മുഴുവൻ രൂപതകളിലെയും എല്ലാ മേഖലാ സമിതികൾക്കും, കഴിയുന്ന യൂണിറ്റുകൾക്കും ഏറ്റെടുത്തു നടത്താവുന്ന പരിപാടിയാണിത്.



